Tuesday, May 8, 2007

പത്രം വായിയ്ക്കാത്ത ഭരതു്-മമ്മുട്ടിയും ഡി.വൈ.എഫ്.ഐ.യും

സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാപ്രതിനിധി സമ്മേളനം ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തതു് ഭാരതമൊട്ടുക്കും, വിശേഷിച്ചു് കേരളവും എന്നെന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഉന്നതനായ ഒരു കലാകാരനായിരുന്നു എന്നതു് വലിയ ഒരു വാര്‍ത്തയല്ലെങ്കിലും അദ്ദേഹം അവിടെ നടത്തിയ പ്രസ്താവന തികച്ചും വിമര്‍ശനാത്മകവും, വസ്തുതകള്‍ക്കു നിരക്കാത്തതും രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ക്കു് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയാത്തതുമാണു്.

'ഡിവൈഎഫ്ഐയുടെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാവുമായിരുന്നില്ല' എന്നത്രേ അദ്ദേഹത്തിന്റെ അനുമാനം, അങ്ങിനെയെങ്കില്‍ - യുവാക്കളുടെ സര്‍ഗ്ഗാത്മകചേതന ഉയര്‍ത്തുക എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഡിവൈഎഫ്ഐക്കാരാ.. തികച്ചും നിന്ദ്യവും നീചവുമായ രാഷ്ട്രീയ കൊലപാതകപരമ്പരകള്‍ക്കു് സാക്ഷ്യം വഹിക്കേണ്ടി വരികയും നൂറുകണക്കിനു നിരപരാധികളും പാവപ്പെട്ടവരുമായ യുവാക്കളുടെ ചുടുചോര ഒഴുകുകയും ചെയ്ത ഈ കേരളത്തില്‍, പ്രതികളുടെ കാര്യത്തിലും സംഭവത്തിന്റെ പങ്കിലും അതുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നതിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു് ഡിവൈഎഫ്ഐക്കാരാണു് എന്ന പരമസത്യം ഉന്നതനായ ആ കലാകാരനു് കണ്ടെത്താന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അദ്ദേഹം അതു കണ്ടതായി നടിച്ചില്ല.

നാദാപുരത്തും അതോടു ബന്ധപ്പെട്ട പ്രാന്തപ്രദേശങ്ങളിലും നടന്ന തികച്ചും പൈശാചികവും നിന്ദ്യവും ക്രൂരവുമായ അക്രമപരമ്പരയുടെ ചുക്കാന്‍ പിടിക്കുകയും, മുസ്ലിംലീഗിനു് എതിരു് എന്ന വ്യാജേന നിരപരാധികളായ മുസ്ലിം സമുദായത്തെ വേട്ടയാടുകയും, യുവതികളെ മാനഭംഗപ്പെടുത്തുകയും, പരമമായ ഹജ്ജു് കര്‍മ്മം ചെയ്തവരെപ്പോലും കൊലക്കത്തിക്കിരയാക്കുകയും, കോടാനുകോടി രൂപയുടെ വസ്തുവകകളും കാര്‍ഷികവിളകളും നിര്‍ദ്ദാക്ഷിണ്യം ചുട്ടുകരിക്കുകയും ചെയ്ത സംഭവത്തിലും പ്രതിസ്ഥാനത്തു് ഒന്നാമതായി ഉള്ളതു് ഡിവൈഎഫ്ഐക്കരനും സിപിഐയെംകാരനുമല്ലേ, മമ്മുക്കാ?

നാദാപുരത്തു് പള്ളിയില്‍ കയറി വിശുദ്ധഗ്രന്ഥമായ ഖുറാന്‍ അശുദ്ധമാക്കിയതു് ആരായിരുന്നു മമ്മുക്കാ?

കേരളത്തിലെ സമാനതകളില്ലാത്ത ഒരു സംഭവമെന്നു് അന്നത്തെ മുഖ്യമന്ത്രി നിയമസഭയില്‍ മാറാടു് സംഭവത്തെ വിശേഷിപ്പിച്ചു. ഈ സംഭവം നടക്കുമ്പോള്‍ ഡിവൈഎഫ്ഐക്കാരാ നീ എവിടെയായിരുന്നു? ഈ സംഭവത്തിലും ഇരുപതിലേറെ പ്രതികളെ സമ്മാനിച്ചു എന്നതിലുപരി നിങ്ങളുടെ പങ്കു് എന്തായിരുന്നു? പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായ വര്‍ഗ്ഗീയകലാപം തന്നെയല്ലേ മാറാടു് നടന്നതു്? ഉദാഹരണങ്ങളുടെ പട്ടിക ഇനിയും അനവധിയാണു്.

ഇന്ദിരാഗാന്ധിയുടെ വധത്തോടനുബന്ധിച്ചു് ദില്ലിയില്‍, ഗാന്ധിജിയുടെ ഖദറണിഞ്ഞ ഗുണ്ടകളുടെ നേതൃത്വത്തില്‍ സിഖ് സമുദായത്തിനെതിരായി നടന്ന കലാപത്തില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അതു വര്‍ഗ്ഗീയകലാപമായിരുന്നില്ലേ ഡിവൈഎഫ്ഐക്കാരാ? ആ സംഭവത്തില്‍ നിങ്ങളുടെ പങ്കു് എന്തു്? നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? മമ്മുട്ടി സെറ്റിലായിരുന്നോ? അതോ ഏതോ ഉദ്ഘാടനവേദിയിലോ?

ഏഷ്യയില്‍ റഷ്യയും ചൈനയും കഴിഞ്ഞാല്‍, കമ്മ്യൂണിസത്തിന്റെ തറവാടു് എന്നവകാശപ്പെടുന്ന പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ പോലീസിന്റെ പിറകില്‍ നിന്നു് പാവപ്പെട്ട കര്‍ഷകതൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തതു് നിങ്ങളല്ലായിരുന്നോ സിപിഐഎംകാരാ?

ഗുജറാത്തിലെ കലാപത്തിന്റെ സിഡിയും അതിനെതിരെ നടത്തിയ സെമിനാറുകളും സിംബോസിയങ്ങളും നാടുനീളെ കൊട്ടിഘോഷിച്ച തൊഴിലാളി സംരക്ഷകരേ, നന്ദിഗ്രാമിന്റെ സിഡി ഇതുവരെ റെഡിയായില്ലേ? നന്ദിഗ്രാം സിഡി ഉദ്ഘാടനത്തിനു് മമ്മുട്ടിയെ തന്നെ വിളിക്കണേ.

ഇന്ത്യാ വിഭജനത്തോടനുബന്ധിച്ചും അതിനു ശേഷവും, ഡിവൈഎഫ്ഐയുടെ പിറവിയ്ക്കു മുമ്പും പിമ്പും, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നിരവധി വര്‍ഗ്ഗീയ കലാപങ്ങളുണ്ടാവുകയും ആയിരത്തിലേറെ പേര്‍ വധിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ടു് എന്നു് ചരിത്രം പറയുന്നു. ഓരോ കലാപത്തിനും വ്യത്യസ്തമായ കാരണങ്ങളുമുണ്ടായിരുന്നു. അവിടെയെല്ലാം ഡിവൈഎഫ്ഐക്കാരനും സിപിഐയെംകാരനുമില്ലായിരുന്നോ? അല്ലെങ്കില്‍ അവര്‍ക്കു് എന്തു ചെയ്യാന്‍ കഴിഞ്ഞു? എന്തു ചെയ്തു? തുടങ്ങിയ വിശേഷങ്ങള്‍ മമ്മുട്ടിക്കറിയുമെങ്കില്‍ അടുത്ത ഒരു ഉദ്ഘാടനത്തിലെങ്കിലും ഞങ്ങള്‍ അതു പ്രതീക്ഷിക്കുന്നു.

Wednesday, February 14, 2007

ഞാന്‍ ഹരി

ഇതൊരു തുടക്കം മാത്രം. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും പിന്തുണയും പ്രതീക്ഷിച്ചു കൊണ്ടു് ഞാന്‍ തുടങ്ങട്ടെ.

എന്നു് സസ്നേഹം ഹരി.